2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

പ്രണയം

പ്രണയം ................................
ഒരു തീപ്പൊരിയായ് ദേഹമാകേ പടര്‍ന്നിരിക്കുന്നു.
കാണുന്നവര്‍ക്കു കറുത്ത വസൂരി കുത്തുപോലേ.
ഏതു കാല വര്‍ഷത്തിനാണൂ-
ഈ തീപ്പൊരിയേ അണക്കാന്‍ കഴിയുക..
യുഗങ്ങളും കാലഭേതങ്ങളും മാറി മാറി-
നിമിഷങ്ങളായ് തീപ്പൊരിയേ ആളിക്കുന്നു..
ഇനിയും ഉരുളും കാലചക്രങ്ങള്‍ - അവ
പ്രണയത്തിനു പുതിയ നാമ്പുകള്‍ കുറിക്കും
ഈ തീപ്പൊരിയേ കെടാതെ സൂക്ഷിക്കും.
ഉലയിലേ കെടാ കനല്‍ കട്ട പോലേ.

2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

നിറമുള്ള സ്വപ്നങ്ങള്‍


"സ്വപ്നങ്ങളില്‍ ചിലപ്പോള്‍
നിറമുള്ള ചേലകള്‍‍ ചുറ്റിയ യക്ഷികള്‍
എനിക്കു ചുറ്റും നൃത്തം ചെയ്യും.
എന്നെ തഴുകും, ഉണര്‍ത്തും,ചുംമ്പിക്കും-
പിന്നെ ആ സുന്ദരിയക്ഷികള്‍
എന്റെ ചോര മുഴുവന്‍
ഊറ്റി കുടിക്കും.
എങ്കിലും എനികിഷ്ടമാണ് സ്വപ്നങ്ങളെ
അവ നിറമുള്ള സുന്ദരികളെ-
എനിക്കരികിലേക്കു അയക്കുന്നല്ലോ.
ചോരകുടിക്കാനാണെങ്കിലും ആ-
യക്ഷികള്‍ എന്നെ ചുമ്പിക്കുന്നല്ലോ."

2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

വര്‍ത്തമാനകാല മനുഷ്യന്‍


വര്‍ത്തമാന കാഴ്ച്ചകള്‍

അതു നഗ്നമാണ്. സത്യമാണ്.

കാണൂന്നത് -

എന്റെ മകള്‍ അല്ലെങ്കില്‍ അവളെ -

അടിക്കാം ,പൊള്ളിക്കാം , പട്ടിണിക്കിടാം.

വയസ് ഈ കാര്യത്തില്‍ ബാധകമേ അല്ല.

എന്റെ മകന്‍ അല്ലെങ്കില്‍ അവനെ-

കെട്ടിയിട്ട് തല്ലാം, പഴുപ്പിച്ച കത്തി മുനകൊണ്ട്

അവന്റെ പുറത്ത് ചിത്രം വരക്കാം.

എന്റെ ഭാര്യ അല്ലെങ്കില്‍ അവളേ-

കാമ കണ്ണിനാല്‍ നോക്കാം.

അക്ഷരങ്ങളാല്‍ നഗ്നയാക്കാം.

മനസ്സാല്‍ ഭോഗിക്കാം.

കാരണം ഞാന്‍ വര്‍ത്തമാനകാല മനുഷ്യന്‍.

എനിക്കു പാപമോ പാപബോധമോ ഇല്ല.

എനിക്കു പാപമുണ്ടെന്നു നീ പറഞ്ഞാല്‍

അതു കഴുകി കളയാന്‍ -

ഞാന്‍ നിര്‍മിച്ച ദേവാലയങ്ങളൂണ്ട്.

എന്നെ കുറ്റവാളിയെന്നു വിളിച്ചാല്‍-

ഞാന്‍ നിര്‍മിച്ച നിയമങ്ങള്‍

എന്നെ കുറ്റവിമുക്തനാക്കും .

ഞാനാണൂ വര്‍ത്തമാനകാല മനുഷ്യന്‍

ഞാന്‍ തന്നെയാണൂ സത്യവും‍.

ഒരു മരണം രേഖപെടുത്തുന്നു


നാളെയോ മറ്റന്നാളോ വലിയ പെരുന്നാളാണ്. ഇക്കയും ബാക്കിയുള്ളവരും ഇതു വരേ എത്തിയിട്ടില്ല. മൂന്നു ദിവസം മുടക്കമായതിനാല്‍ ഇന്നു നേരത്തേ വരാമെന്നു പറഞ്ഞിരുന്നതാ..നാളേ നെയ്ച്ചോറും കൊഴിയും വെച്ചു അടിച്ചു പൊളിക്കണം..ഒരു ചെറിയ ഗാനമേളയും റൂമില്‍ അറേഞ്ച് ചെയ്യണം..ഇനിയും എന്തോരം പണികളാ..ഒന്നും ചെയ്തിട്ടില്ല..ഇവര്‍ എവിടേ പൊയ് കിടക്കുകയാ...ഞാനാണെങ്കില്‍ ഡ്രസ്സും എടുത്തിട്ടില്ല. അവരേ കാത്തിരുന്നാല്‍ നടക്കുമെന്നു തോന്നുന്നില്ല. കുറച്ചു കഴിഞ്ഞ് പുറത്തെക്കു ഇറങ്ങണം.ഭക്ഷണവും കഴിക്കാം ,ഡ്രസ്സും എടുക്കാം. നാട്ടിലാണെങ്കില്‍ എന്തു രസമായിരുന്നു..എന്തു ചെയ്യാം പ്രവാസിയായി പോയില്ലേ.
എട്ടരയായപ്പോള്‍ കുളിച്ച് ഡ്രെസ്സുമാറി പുറത്തെക്കിറങ്ങി. പുതിയ ഷര്‍ട്ടും ഒരു ജോഡി ഷൂസും എടുക്കണം,പിന്നെ ബാങ്കില്‍ ശമ്പളം വന്നിട്ടുണ്ട് അതും. നാട്ടിലേക്കു ഇപ്രാവിശ്യം കൂടുതല്‍ അയക്കണം.വീടു പണി വരികയല്ലേ. പിന്നെ എല്ലാവര്‍ക്കും ഫോണ്‍ ചെയ്യണം..ഈദ് മുബാറക് പറയണം. പിന്നെ അവള്‍ക്ക് വിളിക്കണം. ഒരു സ്പെഷല്‍ ഈദ് മുബാരക് പറയണം . അവളെ കുറിച്ച് ആലോചിച്ചപ്പോള്‍ ചിരി വന്നു, ഒരു പൊട്ടി പെണ്ണ്, എത്രയൊക്കെ പഠിച്ചാലും പെണ്ണ് പെണ്ണു തന്നെ..ഇതൊക്കെ ചിന്തിച്ച് അവന്‍ വേഗം നടന്നു .റോഡില്‍ നല്ല തിരക്ക് .പെരുന്നാള്‍ അല്ലെ.. അടുത്ത് കണ്ട ഷോപ്പിങ് മാളില്‍ കയറി ഒരു ഷര്ട്ട് എടുത്തു. ഷൂസ് നല്ലതു കാണുന്നില്ല. പോട്ടേ..പിന്നെ നോക്കാം ,നല്ല തിരക്ക്.നിന്ന് തിരിയാന്‍ പറ്റുന്നില്ല. വേഗം ബില്ല് കൊടുത്ത് പുറത്തേക്കിറങ്ങി. റോഡ് മുറിച്ച് കടക്കണം. അപ്പുറത്താണു ബാങ്ക്. സിഗ്നല്‍ നോക്കി വേഗം റോഡ് മുറിച്ച് കടന്നു. പെട്ടെന്നു പിന്നിലൊരു ബ്രേക്കിടല്‍ ശബ്ദം,ആരുടെയൊക്കെയൊ ഒരു നിലവിളി.. തിരിഞ്ഞു നോക്കിയപ്പോള്‍ അവിടേ ആളുകള്‍ കൂടി നില്‍ക്കുന്നു.. ആരേയൊ വണ്ടിയിടിച്ചിട്ടുണ്ട്,ഒരു വണ്ടി റോഡില്‍ വിലങ്ങ്നേ കിടക്കുന്നു. നോക്കാന്‍ നില്‍ക്കാതേ വേഗം ബാങ്കിലേക്ക് കയറി ശമ്പളം എടുത്തു റൂമിലേക്കു നടന്നു. അവിടെ പലതും ചെയ്യാനുണ്ട്. എല്ലാവരും ഇപ്പോള്‍ എത്തും.

റൂമിലെത്തിയപ്പോള്‍ ആകെ ഇരുട്ട് ..ലൈറ്റ് ഒന്നും ഇട്ടിട്ടില്ല..'ആരും എത്തിയില്ലേ?..ജൊലി കഴിഞ്ഞ് എല്ലാവരും എങ്ങോട്ട് പോയ്?.എന്തായാലും റൂം തുറന്ന് അകത്ത് കയറി. ഒന്നു ക്ലീന്‍ ചെയ്യണം. ക്ലീനിങ് കഴിഞ്ഞപ്പോള്‍ സമയം പതിനൊന്നര. ഇത്ര രാത്രിയായിട്ടും എല്ലാവരും എങ്ങോട്ട് പോയ്. ഫോണെടുത്ത് വിളിച്ച് നോക്കി. എല്ലാവരുടേയും മൊബൈല്‍ എന്‍ഗേജ്ഡ് 'നാശം' മനസില്‍ പറഞ്ഞു. കുറച്ചു സമയം ടി.വി കണ്ടിരുന്നു. എപ്പോഴോ ഉറങ്ങി പൊയ്... എന്തോ ശബ്ദം കേട്ടാണ് കണ്ണു തുറന്നത്. നോക്കുമ്പോള്‍ അദ്യം കണ്ടത് ഇക്കായുടെ മുഖം. ഇവര്‍ എപ്പോള്‍ എത്തി. എന്താ എന്നെ തന്നെ നോക്കി നില്‍ക്കുന്നത്, തലതിരിച്ച് നോക്കിയപ്പോള്‍ എല്ലാവരും ചുറ്റും കൂടി നില്‍ക്കുന്നു. ഇവരൊക്കെ എപ്പോള്‍ എത്തി. എല്ലാവര്‍ക്കും എന്ത് പറ്റി?. കണ്ണുയര്‍ത്തി മേലോട്ട് നൊക്കിയപ്പോള്‍ ആകെ അമ്പരന്നു. 'ഇതു എന്റെ റൂം അല്ലല്ലോ, ഈ ..ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലൊ'..ഞാന്‍ നോകുമ്പോഴേക്കും ആരോ എന്റെ മുഖത്ത് ഒരു തുണി വലിച്ചിട്ടു...തട്ടി മാറ്റാന്‍ നോക്കി ,പറ്റുന്നില്ല. ആരോക്കെയൊ തുണി മുറുക്കി കെട്ടുകയാണ്. എനിക്കു ശ്വാസം മുട്ടുന്നതു പോലേ തോന്നി ഞാന്‍ ഉറക്കേ പറഞ്ഞു ' നിങ്ങള്‍ എന്താ ചെയ്യുന്നത്?..ആരും കേഴ്ക്കുന്നില്ല. എന്റെ കണ്ണുകള്‍ വീണ്ടും അടഞ്ഞു.

പിന്നെ കണ്ണു തുറന്നപ്പോള്‍ ..മുഖത്ത് തുണിയുണ്ട്,അതിന്റെ നേര്‍മയിലൂടേ എല്ലാവരേയും അവ്യക്തമായി കാണാം.എല്ലാ മുഖങ്ങളും ഞാന്‍ കണ്ടിട്ടുണ്ട് പക്ഷെ ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. എല്ലാവരും കലങ്ങിയ കണ്ണുകളും നിര്‍വികാരവുമായ മുഖത്തോടെ ചുറ്റും നില്‍ക്കുന്നു. എന്തിന്റേയൊ പുകയുന്ന മണം,ചുറ്റും അവ്യക്തമായ ചില ശബ്ദങ്ങള്‍. പെട്ടെന്നു ഞാന്‍ ഒന്നുയര്‍ന്ന പോലേ തോന്നി, പറക്കുകയാണോ?..എഴുനേല്‍ക്കാന്‍ ശ്രമിച്ചു .പറ്റുന്നില്ല. കയ്യും കാലും തുണികൊണ്ട് കൂട്ടി കെട്ടിയിരിക്കുകയാണ്. പെട്ടെന്നു വ്യക്തമായ ഒരു ശബ്ദം കാതില്‍ വന്നലച്ചു 'ലാഹിലാഹ് ഇല്ലല്ലാഹ്' .
ഒന്നു ഞെട്ടി..മരിച്ചൊ ഞാന്‍ ,എന്റെ സ്വപ്നങ്ങള്‍ .ദൈവമേ സത്യമാകരുതേ..ഞാന്‍ കെട്ടുകള്‍ അഴിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അപ്പോള്‍ ബാങ്കിന്റെ ശബ്ദം കാതുകളില്‍ മുഴങ്ങി "അല്ലാഹ് അക്ബര്‍..." എന്നെ താഴെ എവിടേയൊ വെച്ചു എന്നു തോന്നി. മുഖം മറച്ച തുണിയുടെ അവ്യക്തതയിലൂടേ ചുറ്റും നില്‍ക്കുന്ന ആളുകലെ കാണാം. പിന്നെ അവര്‍ മാറി നിന്നപ്പോള്‍ മനസിലായി. താഴ്ച്ചയുള്ള സ്ഥലമാണിത്. ' നിങ്ങള്‍ എന്താ ചെയ്യാന്‍ പോകുന്നത്?' ഉറക്കെ ചോദിച്ചു. ആരുടെയും മുഖത്ത് കേട്ട ഭാവമില്ല. നിര്‍വികാരത മാത്രം. പെട്ടെന്നു കെട്ടുകളഴിഞ്ഞു.ചാടിയെഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോഴേക്കും എന്തോ ദേഹത്ത് വീണു .ഞെട്ടലോടെ അറിഞ്ഞു 'പച്ചമണ്ണ്'...നിര്‍ത്താതേ കോരിയിടുകയാണ്, 'വേണ്ടാ.......' എന്നുറക്കെ പറയുമ്പോഴേക്കും എന്റെ മുഖമാകേ മണ്ണ് മൂടിയിരുന്നു.

2010, ജൂലൈ 18, ഞായറാഴ്‌ച

മദ്യം





ദ്രവിച്ച കരളിനു മോഹം

ഒരല്പ്പം നുകരണം , നുണയണം

ഭക്ഷണം എത്തിയ നാള്‍ മറന്നതിനാല്‍

ആമാശയം ഉറക്കമാണ്.

കുടലില്‍ അണുക്കള്‍ അന്നും ആര്‍ത്തു വിളിച്ചു

'നാളേ സ്വതന്ത്രരാകും നമ്മള്‍

കരളിന്റെ മോഹത്തിനു കൈനീട്ടിയാല്‍'

ഇതു കേട്ടു ചിരിച്ച ഹൃദയത്തിനു

വായില്‍ രക്തചുവ.

2010, ജൂലൈ 14, ബുധനാഴ്‌ച

മാതൃത്വം


ഇരുളിന്റെ നേര്‍ത്ത
കരിന്തിരി വെട്ടത്തില്‍
കണ്ടു ഞാന്‍ ഒരമ്മ
കിടക്കുന്നു ദൂരേ
അരികിലായ് ആടുന്ന
തൊട്ടിലില്‍ കുഞ്ഞും.

ഇരുളിനേ പിളര്‍ന്നു
വിളര്‍ത്ത മുഖ മൂടികള്‍
കൂട്ടമായ് തേടുന്നു
അവളേ വില പേശുന്നു.

ചിവീടിന്റെ ചീളലില്‍
ഉറപ്പിച്ച വിലയില്‍
തൊട്ടിലാട്ടം നിറുത്താതേ
കുഞ്ഞുണരാതേ
കര്‍മ്മത്തില്‍ മുഴുകുന്നു-ആ
അമ്മതന്‍ പിണ്ഠം

ഉള്ളിലുതിര്‍ന്ന വിഷതുള്ളികളേ-
ഉടു തുണിയാല്‍ തുടച്ചവള്‍ -
നീട്ടൂന്നു കൈകള്‍ -തന്‍
കര്‍മ്മത്തിന്‍ കൂലിക്കായ്
ഒരു മുഖം നിട്ടിയ
ചുളൂങ്ങിയ ഗാന്ധിയേ
മാറിലൊളിപ്പിച്ച്
തുടരുന്നു തന്‍ കര്‍മ്മവും
മറ്റൊരു മുഖമൂടി തന്നി-ലേ
ക്കാഴ്നിറങ്ങാന്നൊരുങ്ങവേ.

ഏതോ ദു:സ്വപ്നത്താല്‍ കുഞ്ഞു-
തൊട്ടില്‍ കരഞ്ഞപ്പോള്‍
അമര്‍ത്തിയ കൈകളെ തട്ടി നീക്കി
അമരും മുഖത്തേ തള്ളിമാറ്റി
പിടക്കുന്ന കൈകളാല്‍
വാരിയെടൂത്തിട്ടാ-
തേങ്ങുമാ ചെഞ്ചുണ്ടൂകള്‍
ചേര്‍ത്തു പിടിച്ചു
കുഞ്ഞിനായ് ചുരത്തും
മാറിടത്തില്‍.
പയ്യേ ഞാന്‍ കേട്ടു ഇരുട്ടിലോരീണം
പാലൂട്ടും അമ്മയുടേ താരാട്ടിന്‍ ഈണം.

2010, ജൂലൈ 8, വ്യാഴാഴ്‌ച

ഭംഗം



കരക്കടിഞ്ഞ ദേഹത്തിനു പഴമയുടെ നാറ്റം
മാറിലെ , ചുണ്ടിലെ മുറിപാടൂകള്‍
കശക്കിയെറിഞ്ഞ ഒരു കൊച്ചു പൂവ്.
ആരായിരിക്കാം?
ചിന്തിക്കാന്‍ ഏറെയുണ്ട്!
തിരയുന്ന കണ്ണൂകളില്‍
സംശയത്തിന്റെ തിളക്കം.
നടുക്കമുണര്‍ത്തുന്ന മര്‍മരങ്ങള്‍
നേര്‍ക്കു ചൂണ്ടൂന്ന വിരലുകള്‍
' അവനാകുമൊ ?..'
ഇല്ല! ഞാനല്ല.
എന്റെ സ്നേഹത്തെ തള്ളിയ -നീ
എന്നെയല്ലെ മാനഭംഗപ്പെടുത്തിയത്-
മുറിപ്പെടൂത്തിയത്, കൊന്നു കളഞ്ഞത്.
അല്ലതെ നിന്നെ വേദനിപ്പിക്കാന്‍ എനിക്ക്...

2010, ജൂലൈ 7, ബുധനാഴ്‌ച

യാത്ര



യാത്രയാണിതു യാത്ര
ചുറ്റും അപരിചിതര്‍
ചൂതാട്ടക്കാര്‍
ചിലര്‍ ചിരിക്കും
ചിലര്‍ മുഖം തിരി‍ക്കും,കരയും
ചിലര്‍ വീഴുവോളം കൂടെ
യാത്രയില്‍ തങ്ങാന്‍ ഒരിടം
രക്തപാശത്താല്‍ ബന്ധിതം
അവിടെ സ്നേഹം
യാത്രയില്‍ ധാരാളം മായ കാഴ്ച്ചള്‍
ഇടക്കു മിന്നിമറയും-ഒരു രൂപം
കൂടെ നിര്‍ത്താന്‍ സ്നേഹ ശാസനം
ഇണങ്ങി പിണങ്ങി
മുഷിയുന്ന യാത്രയില്‍
ആ മായയും മറയും
കാണും പുതിയ അപരിചിതര്‍
കൈ പിടിച്ചു കൂടെ
കാണാം ഇനിയും മായ കാഴ്ച്ചകള്‍
യാത്ര തുടരുക..നീ

സൗന്ദര്യബോധം





മതിമറന്ന സ്വപ്നങ്ങളൂടെ കാവല്‍ക്കാരന്‍



മതിമറന്ന സ്വപ്നങ്ങളൂടെ
അര്‍ഥം തേടിയ കാവല്‍ക്കാരന്‍
അവന്റെ മരണം
ഞാനെന്ന ദേഹിയുടെ മരണം.
ദേഹം ഇനിയും ഒഴുകും
അഭിനയിക്കാന്‍ വേഷങ്ങളേറേയുണ്ടേ..
ആത്മാവിന്റെ ചിതയിലെ ചദനമുട്ടികള്‍ക്കു
സ്വകാര്യതയുടെ മണം.
അഭിമാനമുരുകിയ നെയ്യോഴിച്ച്
ഉള്ളിലെ ബാല്യത്തിനു
സ്മരണയാകും അഗ്നി നല്‍കി
കത്തിച്ചു കളയണം ഈ ദേഹിയേ
ഒടൂവില്‍ വേദനകള്‍ പുകഞ്ഞും
ആഗ്രഹങ്ങള്‍ കെടാത്ത കനല്‍കട്ടകളായും മാറൂം.

2010, ജൂലൈ 6, ചൊവ്വാഴ്ച

അവന്‍


പേടിയാകുന്നു
ഈ കൈപത്തി നോക്കൂ .
ഉറച്ച നീണ്ട വിരലുകളും-
തഴമ്പ് വീണുറച്ച കൈവെള്ളയും.
ഉച്ചയൂണിന്‍ സുഗന്ധം പേറിയ
ആ വിരലുകളില്‍
ഇന്നു ചുടുചോര.
പേന പിടിച്ച കൈവിരലുകള്‍ -അവ
ഇന്നു വാള്‍ മുറുകേ പിടിക്കുന്നു

കൊല്ലണമെത്രേ! അവനേ
അവന്‍ നമ്മില്‍ പെട്ടവനല്ലെത്രേ
മതപുസ്തകം തുറന്ന്
നീണ്ട താടിയുഴിഞ്ഞ്
ഗുരു പറയുന്നു
'കൊല്ലണം അവനെ'

ഇന്നലേ സ്നേഹ വിരുന്നൂട്ടിയ -
വീട്ടിലേയാണെന്നോര്‍ക്കാതേ
നീണ്ടവിരലുകളില്‍ മുറുകേ-
പിടിച്ച വാളുമായ്
ഗുരുവിന്റെ ഉപദേശവും
ഉപയോഗിക്കാത്ത തലച്ചോറും,
സ്നേഹമില്ലാത്ത ഹ്റ്ദയവും -പേറി
.പോകുന്നു ........
വെട്ടി വീഴ്ത്താന്‍ .

പ്രണയ ചിന്തകള്‍

ഞാന്‍ കാമുകനാണ് .
ഞാന്‍ പ്രണയിക്കുന്നു .
എന്റെ പ്രണയത്തില്‍ കാമമുണ്ട് .
കാമം ,മോഹം ,ദാഹം ഇവയാണ് കുടുതല്‍ .
ഇവയില്ലെങ്കില്‍ അത് ആരാധനയല്ലേ ?
ആരാധന ബഹുമാനമല്ലേ - അപ്പോള്‍
അവിടെ എങ്ങിനെ പ്രണയം വിടരും .
അതിനാല്‍ ഞാന്‍ കാമുകനാണ്
കാമാമോഹിതനായ കാമുകന്‍.